ഗവേഷണം
സംരക്ഷണ ജീവശാസ്ത്രം
സംരക്ഷിത പ്രദേശങ്ങൾക്കപ്പുറം: സംരക്ഷണത്തിന്റെ വിശാലമായ കാഴ്ചപ്പാട്.
ദക്ഷിണേന്ത്യയിൽ ജൈവവൈവിധ്യം അസാധാരണമാം വിധം വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ കാണപ്പെടുന്നു — പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങൾ മുതൽ ചെങ്കൽ പീഠഭൂമികൾ, കരിനിലങ്ങൾ, ശുദ്ധജല തണ്ണീർത്തടങ്ങൾ, നദീതീര ഇടനാഴികൾ, തീരദേശ ആവാസവ്യവസ്ഥകൾ, പാറക്കെട്ടുകൾ, പുൽമേടുകൾ, കുട്ടനാട് പോലുള്ള താഴ്ന്ന വെള്ളപ്പൊക്ക സമതലങ്ങൾ വരെ. ഓരോന്നിനും തനതായ പാരിസ്ഥിതിക സമൂഹങ്ങളും പരിണാമ ചരിത്രവുമുണ്ട്. ഇവിടെ മാത്രം കാണപ്പെടുന്നതും അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗങ്ങൾ ഉള്ളപ്പോഴും ഇവയിൽ പലതിനും കാര്യമായ സംരക്ഷണ ശ്രദ്ധ കിട്ടുന്നില്ല.
അവഗണിക്കപ്പെട്ട ആ ആവാസവ്യവസ്ഥകളോടും അവയിലെ അത്ര അറിയപ്പെടാത്ത ജീവിവർഗങ്ങളോടുമാണ് ഈ വിഭാഗത്തിന്റെ പ്രതിബദ്ധത. ആകർഷകമായ വന്യജീവികളിലും പ്രശസ്തമായ വനങ്ങളിലും മാത്രം ഒതുങ്ങരുത് സംരക്ഷണം: എണ്ണമറ്റ ചെറുസസ്യങ്ങളും പുല്ലുകളും ഫംഗസുകളും പ്രാണികളും ശുദ്ധജല ജീവികളും ഉരഗങ്ങളും ഉഭയജീവികളും ആവാസവ്യവസ്ഥകളുടെ ആരോഗ്യത്തിൽ ഒഴിവാക്കാനാകാത്ത പങ്ക് വഹിക്കുന്നു.
മനുഷ്യരും പ്രകൃതിയുടെ ഭാഗമാണെന്ന് ഞങ്ങളുടെ കാഴ്ചപ്പാട് അംഗീകരിക്കുന്നു. തലമുറകളുടെ പരമ്പരാഗത അറിവിലൂടെ ആദിവാസി, പ്രാദേശിക സമൂഹങ്ങൾ ഈ ഭൂപ്രകൃതികളിൽ പലതും രൂപപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ജൈവവൈവിധ്യവും ഉപജീവനവും ഒരുമിച്ചു നിലനിൽക്കുന്ന, മനുഷ്യ ഇടപെടൽ ഏറിയ ഭൂപ്രകൃതികളിൽ അവരുടെ പങ്കാളിത്തം അനിവാര്യമാണ്.
ഗവേഷണം, പാരിസ്ഥിതിക നിരീക്ഷണം, ആവാസ പുനഃസ്ഥാപനം, സാമൂഹിക പങ്കാളിത്തം, പരിസ്ഥിതി വിദ്യാഭ്യാസം, നയപരമായ ഇടപെടൽ എന്നിവയിലൂടെ അവഗണിക്കപ്പെട്ട ഇടങ്ങളിലേക്കും അപൂർവമായി പഠിക്കപ്പെട്ട ജീവിവർഗങ്ങളിലേക്കും അവയെ നിലനിർത്തിയ സമൂഹങ്ങളിലേക്കും എത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നു.
സംരക്ഷണത്തിന് ഗവേഷണ പ്രബന്ധങ്ങൾ മാത്രം പോരാ, ആളുകൾ വേണം
ഫീൽഡ് സർവേകൾ, പുനഃസ്ഥാപന ദിനങ്ങൾ, അധിനിവേശ ജീവിവർഗങ്ങളെ റിപ്പോർട്ട് ചെയ്യൽ, പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികൾ. നിങ്ങൾ എവിടെയാണെന്നും എന്ത് ചെയ്യാനാകുമെന്നും അറിയിക്കൂ; നിങ്ങൾക്ക് ചേരുന്ന ഒരു വഴി ഞങ്ങൾ കണ്ടെത്തും.